സ്റ്റാലിനെതിരായ ശബ്ദരേഖ പുറത്ത്; തമിഴ്‌നാട് ധനമന്ത്രി സ്ഥാനത്തുനിന്ന് പളനിവേല്‍ ത്യാഗരാജനെ മാറ്റി

തമിഴ്‌നാട് ധനമന്ത്രി സ്ഥാനത്തുനിന്ന് പളനിവേല്‍ ത്യാഗരാജനെ മാറ്റി. വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി. ത്യാഗരാജന് ഐടി മന്ത്രിസ്ഥാനമാണ് പകരം നല്‍കിയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മന്ത്രി ഉദനിധി സ്റ്റാലിനുമെതിരായ ത്യാഗരാജന്‍റെ ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നുവെന്നും ഒരേ സമയം പാര്‍ട്ടിയിലും ഭരണത്തിലും അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നെന്നുമായിരുന്നു ശബ്ദരേഖയിലെ വിമര്‍ശനം.
എന്നാല്‍ ബിജെപി പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ത്യാഗരാജന്‍റെ വാദം. ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ സ്റ്റാലിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. സംസ്ഥാനത്ത് ക്ഷീരസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന നാസറിനെ ബുധനാഴ്ച മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. മന്നാര്‍കുടി എംഎല്‍എ ടി.ആര്‍.ബി.രാജയെ ആണ് പകരം നിയമിച്ചത്. ഇവയടക്കം അഞ്ച് വകുപ്പുകളിലാണ് മാറ്റം വരുത്തിയത്. 2021ല്‍ അധികാരമേറ്റ ശേഷം രണ്ടാം തവണയാണ് സ്റ്റാലിന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
bcvbcvb