പുതിയ ലോകബാങ്ക് പ്രസിഡന്റായി അജയ് ബംഗ
ലോകബാങ്കിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ വംശജന്‍. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റാകും. അജയ് ബംഗ ബുധനാഴ്ച പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി ലോകബാങ്ക് സ്ഥിരീകരിച്ചു. ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബുധനാഴ്ച ചേർന്ന 25 അംഗ എക്‌സിക്യൂട്ടീവ് ബോർഡിലാണ് തീരുമാനം. ലോകബാങ്ക് ബോർഡ് അംഗങ്ങൾ തിങ്കളാഴ്ച നാല് മണിക്കൂർ ബംഗയുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരാളികൾ ആരുമില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വർഷമാണ് കാലാവധി. ജൂൺ രണ്ടിന് ചുമതലയേൽക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് 63 കാരനായ ബംഗയെ ലോകബാങ്ക് പ്രസിഡന്റായി നിർദ്ദേശിച്ചത്.
പിന്തുണ അറിയിച്ച് തുറന്ന കത്തിൽ, 55 അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ, എക്സിക്യൂട്ടീവുകൾ, വെറ്ററൻസ്, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശത്തെ പിന്തുണച്ചു. കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബൈഡൻ, അജയ് ബംഗയെ നിർദ്ദേശിച്ചത്. നിരവധി നോബൽ സമ്മാന ജേതാക്കളും ബംഗയെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ലോകബാങ്കിന്റെ നിലവിലെ പ്രസിഡന്റായ ഡേവിഡ് മാൽപാസ് ഒരു വർഷം മുമ്പാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
rtytyrt
