രാമനവമി ആഘോഷം; ആന്ധ്രപ്രദേശിൽ ക്ഷേത്രത്തിന് തീപിടിച്ചു, മധ്യപ്രദേശിൽ ക്ഷേത്രക്കിണർ ഇടിഞ്ഞ് വീണ് അപകടം

രാമനവമി ആഘോഷങ്ങള്‍ക്കിടെ ആന്ധ്രയിലും മധ്യപ്രദേശിലുമായി ക്ഷേത്രത്തിൽ അപകടം. ആന്ധ്രപ്രദേശിൽ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിന് തീപിടിച്ചു. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. തീപിടുത്തത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. തീപിടുത്തം ഉണ്ടായതിന്റെ കാരണവും വ്യക്തമല്ല.
ദുവ ഗ്രാമത്തിലെ വേണുഗോപാല സ്വാമി ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്. നൂറുകണക്കിന് ആളുകള്‍ രാമനവമി ആഘോഷത്തിൽ പങ്കെടുക്കാന്‍ ക്ഷേത്രപരിസരത്തെത്തിയിരുന്നു. തീപിടിച്ച് തുടങ്ങിയപ്പോള്‍ തന്നെ അകത്തുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചതോടെയാണ് വലിയ അപകടമൊഴിവായത്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മധ്യപ്രദേശിലെ ഇൻഡോറിലെ പട്ടേൽ നഗറിലാണ് ക്ഷേത്ര കിണർ ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ഇരുപതിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രാമനവമി ദിനത്തിൽ വൻ ജനക്കൂട്ടം ക്ഷേത്രത്തിൽ തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇൻഡോർ കളക്ടർക്കും കമ്മീഷണർക്കും നിർദേശം നൽകി.ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
drydy