എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി വരെ ആകാൻ സാധ്യതയുണ്ടെന്ന് ഫറൂഖ് അബ്ദുള്ള

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി വരെ ആകാൻ സാധ്യതയുണ്ടെന്ന് ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചു നിന്നാൽ എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിയാകും എന്നാണ് ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം എം.കെ. സ്റ്റാലിന്‍റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയപ്പോഴാണ് ഫറൂഖ് അബ്ദുള്ള സ്റ്റാലിനെ വാനോളം പുകഴ്ത്തിയത്. എം.കെ. സ്റ്റാലിന്‍റെയും ഡിഎംകെയുടേയും പ്രവർത്തനം മികച്ചതാണ്. പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒന്നിപ്പിക്കാൻ ഡിഎംകെ നല്ല രീതിയിൽ പരിശ്രമിക്കുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചു നിന്ന് വിജയിച്ചാൽ നയിക്കാൻ ആർക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാം− ഫറൂഖ് അബ്ദുള്ള പറയുന്നു.
അതേസമയം, പ്രധാനമന്ത്രി സ്ഥാനാർഥിയെ തങ്ങൾ പ്രഖ്യാപിക്കില്ലെന്നാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. ആര് നയിക്കുമെന്ന് തങ്ങൾ പറയില്ലെന്നും ഒരുമിച്ച് പോരാടാനാണ് ആഗ്രഹിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. വിഘടന ശക്തികൾക്കെതിരായ ഈ പോരാട്ടത്തിൽ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. 2024−ലെ തെരഞ്ഞെടുപ്പിന് മുമ്പായി സഖ്യം ശക്തിപ്പെടുത്തണമെന്നും എം.കെ. സ്റ്റാലിന്‍റെ 70ആം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ ചെന്നൈ നന്ദനത്തെ വൈഎംസിഎ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
rydr