തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് ഒരു സീറ്റ് പോലും ബിജെപി നേടില്ല: എം കെ സ്റ്റാലിന്‍


സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ ആഞ്ഞടിച്ചു.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് നിയമിതനായ ഗവര്‍ണര്‍ നടത്തുന്നതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഈ പ്രവണതയ്‌ക്കെതിരെ ഡിഎംകെ മാത്രമല്ല കേരളത്തിലെ സിപിഐഎമ്മും തെലങ്കാനയിലെ ബിആര്‍എസും പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയും ശബ്ദമുയര്‍ത്തുന്നുണ്ട്. ഗവര്‍ണര്‍ കളിക്കുന്ന ഈ രാഷ്ട്രീയ കളികള്‍ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഫെഡറല്‍ സ്വഭാവത്തിനും തീരെ നല്ലതല്ലെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

ഏതെങ്കിലും ഒരു സംസ്ഥാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ബിജെപിയുടെ വളര്‍ച്ചയെ വിലയിരുത്തുന്നത് ശരിയല്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. ബിജെപിയുടെ ശക്തിയും സ്വാധീനവും ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കും. തമിഴ്‌നാട്ടിലെ കാര്യം പറയുകയാണെങ്കില്‍ ബിജെപിക്ക് ചില പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് മാത്രമാണ് ഇവിടെ തെരഞ്ഞെടുപ്പുകളില്‍ അല്‍പമെങ്കിലും സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നത്. ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് ഒരു സീറ്റ് പോലും ജയിക്കാന്‍ സാധിക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

article-image

jhvh

You might also like

  • Lulu Exchange
  • Straight Forward

Most Viewed