ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രെയ്ൻ വിടണമെന്ന് ഇന്ത്യൻ എംബസി
ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രെയ്ൻ വിടാൻ ഇന്ത്യൻ എംബസിയുടെ നിർദേശം. റഷ്യ−യുക്രെയ്ൻ സംഘർഷം മൂലം സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്നാണ് നിർദേശം. ഇന്ത്യൻ പൗരന്മാർ യുക്രെയ്നിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇപ്പോൾ യുക്രെയ്നിലുള്ള ഇന്ത്യക്കാരോട്, പ്രത്യേകിച്ച് വിദ്യാർഥികളോട് എത്രയും വേഗം യുക്രെയ്ൻ വിടാനും കീവിലെ ഇന്ത്യൻ എംബസിയിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത് റഷ്യക്കൊപ്പം ചേർത്ത ഡൊണെറ്റ്സ്ക്, ഖേർസൻ, ലുഹാൻസ്ക്, സപ്പോറഷ്യ മേഖലയിൽ റഷ്യ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിർദേശം വന്നത്.
യുക്രെയ്നിൽ റഷ്യ കടുത്ത ആക്രമണമാണ് നടത്തുന്നത്. മിസൈൽ−ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിലെ ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതിബന്ധം നിലച്ചു, ജലവിതരണം താറുമാറായി. ഇരുട്ടിലും തണുപ്പിലും രാജ്യത്തെ തള്ളാനും സമാധാനചർച്ചകൾ തകർക്കാനുമുള്ള റഷ്യൻ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി ആരോപിക്കുന്നത്.
ruftiu
