മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ
മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ. തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയ ഖാർഗെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് 24 വർഷത്തിനു ശേഷമാണ് കോൺഗ്രസിന് അധ്യക്ഷനെ ലഭിക്കുന്നത്. എതിർ സ്ഥാനാർഥി ശശി തരൂരിന് 1072 വോട്ട് ലഭിച്ചു. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സാധുവായ ആകെ വോട്ടിന്‍റെ 12 ശതമാനം നേടി തരൂരും ശക്തിതെളിയിച്ചു. 416 വോട്ടുകൾ അസാധുവായി. എഐസിസി ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പിൽ തുടക്കംതൊട്ടേ ഖാർഗെയുടെ മുന്നേറ്റമായിരുന്നു. പെട്ടിപൊട്ടിക്കും മുൻപു തന്നെ തോൽവി ഉറപ്പിച്ച തരൂർ എത്ര വോട്ട് നേടും എന്നതിലായിരുന്നു ആകാംക്ഷ. ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മുൻകാലങ്ങളിൽ മത്സരിച്ചവർക്ക് ലഭിച്ചതിലും കൂടുതൽ വോട്ടുകൾ തരൂർ നേടുമോയെന്നും ആകാംക്ഷയുണ്ടായിരുന്നു.
വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ ഉത്തർപ്രദേശ്, പഞ്ചാബ്, തെലുങ്കാന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് തരൂർ ആരോപിച്ചിരുന്നു. യുപിയിലെ വോട്ട് എണ്ണാതെ മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ തരൂരിന്‍റെ ആവശ്യത്തിനു മേൽ യുപി വരണാധികാരി ഉൾപ്പെടെയുള്ളവരുമായി മധുസൂദനൻ മിസ്ത്രി ചർച്ച നടത്തി. തരൂരിന്‍റെ പരാതിയിൽ കഴമ്പില്ലെന്നുകാട്ടി യോഗം പരാതി തള്ളി. പിന്നീട് യുപിയിലെ വോട്ടുകളും ചേർത്ത് എണ്ണി.
