താൻ പ്രധാനമന്ത്രിയാകാനില്ലെന്ന് അരവിന്ദ് കേജരിവാൾ


താൻ പ്രധാനമന്ത്രിയാകാനില്ലെന്ന് ഡൽ‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ‍. ഗുജറാത്ത് സന്ദർ‍ശനത്തിനിടെയാണ് കേജരിവാളിന്‍റെ പ്രതികരണം. തങ്ങൾ‍ അത്തരം പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. മദ്യനയക്കേസിൽ‍ ഡൽ‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കൊപ്പം താനും അറസ്റ്റിലായേക്കാം. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് മുന്നിൽ‍കണ്ടാണ് ആംആദ്മി സർ‍ക്കാരിനെതിരെയുള്ള ഗൂഡനീക്കമെന്നും കേജരിവാൾ‍ പറഞ്ഞു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആംആദ്മി സർ‍ക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ‍ അന്വേഷണം കടുപ്പിച്ച സാഹചര്യത്തിലാണ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദർ‍ശനത്തിന് ഗുജറാത്തിലെത്തിയത്. 

സിബിഐ രജിസ്റ്റർ‍ ചെയ്ത കേസിൽ‍ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. സിസോദിയയുടെ വസതിയിലുൾ‍പ്പെടെ സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ ബിജെപിയിൽ‍ ചേർ‍ന്നാൽ‍ തനിക്കെതിരെയുള്ള കേസുകൾ‍ പിന്‍വലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നിരുന്നു.

You might also like

Most Viewed