മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡ്; 12 ഐഎഎസ് ഉദ്യോഗസ്ഥർ‍ക്ക് സ്ഥലം മാറ്റം


ഡൽ‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിന് പിന്നാലെ 12 ഐഎഎസ് ഉദ്യോഗസ്ഥർ‍ക്ക് സ്ഥലം മാറ്റം. മദ്യ നയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വസതിയിൽ‍ 14 മണിക്കൂർ‍ നീണ്ട പരിശോധന നടന്നത്. ആരോഗ്യ സെക്രട്ടറി ഉദിത് പ്രകാശ് റായെ ഭരണ പരിഷ്‌കരണ വകുപ്പിലേക്ക് മാറ്റി. സിസോദിയയാണ് നിലവിൽ‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്നത്. ഉദിത് പ്രകാശ് റായ്ക്ക് പകരം വിജേന്ദ്ര സിങ് റാവത്തിന് ചുമതല നൽ‍കി. ഡൽ‍ഹി ഫിനാൻസ് കോർ‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായിരുന്നു വിജേന്ദ്ര സിങ്. ഹേമന്ത് കുമാറാണ് ഡിഎഫ്‌സിയുടെ പുതിയ ഡയറക്ടർ‍. ഐടി സെക്രട്ടറിയായി വിവേക് പാണ്ഡെയെ നിയമിച്ചു. ഷുർ‍ബിൽ‍ സിങ്, ഗർ‍മ ഗുപ്ത, ആഷിഷ്, കൃഷ്ണ കുമാർ‍, കൽയാണ്‍ സഹായ് മീന, സോനൽ‍ സ്വരൂപ് എന്നീ ഉദ്യോഗസ്ഥരെയാണ് ഗവർണർ സ്ഥലം മാറ്റിയത്. 

അതേസമയം, മനീഷ് സിസോദിയ്ക്കെതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ നയവുമായി ബന്ധപ്പെട്ട കേസുകളിൽ‍ 50 ലക്ഷം കൈക്കൂലി നൽ‍കിയെന്നും ഇതിൽ‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയെടുക്കണമെന്ന് ഡൽ‍ഹി ഗവർ‍ണർ‍ വിനയ് കുമാർ‍ സക്‌സേന ആവശ്യപ്പെട്ടു. 

മനീഷ് സിസോദിയയുടെ വസതിയിലുൾ‍പ്പെടെ 21 ഇടങ്ങളിലാണ് വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടന്നത്. മുൻ എക്‌സൈസ് കമ്മീഷ്ണർ‍ ആരവ ഗോപികൃഷ്ണ ഐഎഎസിനെതിരെയും അന്വേഷണം നടത്തുന്നുണ്ട്. പ്രതിഷേധങ്ങളെ തുടർ‍ന്ന് രണ്ടാം ആംആദ്മി സർ‍ക്കാർ‍ അവതരിപ്പിച്ച മദ്യ നയം പിൻ‍വലിച്ചിരുന്നു. ക്രമക്കേടും അഴിമതിയും ആരോപിച്ച് ഡൽ‍ഹി ഗവർ‍ണർ‍ വി കെ സക്‌സേന കേന്ദ്ര ഏജൻസിയോട് വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുണ്ട്. വിജയ് നായർ, അരുൺ രാമചന്ദ്ര പിള്ള എന്നിവരാണ് പ്രതിചേർക്കപ്പെട്ടത്. 

മദ്യവിൽ‍പ്പനയിൽ‍ സർ‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കി പൂർ‍ണമായും സ്വകാര്യവൽ‍ക്കരിക്കുമെന്ന നയമാണ് സർ‍ക്കാർ‍ നവംബറിൽ‍ അവതരിപ്പിച്ചത്. പുതിയ നയം സർ‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കും, യോഗ്യതയില്ലാത്തവർ‍ മദ്യവിൽ‍പ്പനയിലേക്ക് കടന്നു വരും, ആംആദ്മി മദ്യ ലോബികളിൽ‍ നിന്ന് കൈക്കൂലി വാങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങൾ‍ ഉയർ‍ന്നു വന്നിരുന്നു. തുടർ‍ന്ന് ജൂലൈ 30ന് സർ‍ക്കാർ‍ ഔട്ട്‌ലെറ്റുകളിലൂടെ മാത്രമെ മദ്യ വിൽ‍പ്പന നടത്തുകയുള്ളൂയെന്ന് മനീഷ് സിസോദിയ പ്രഖ്യാപിച്ചു. മദ്യനയത്തിൽ‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed