ഓപ്പറേഷൻ ശുഭയാത്ര: വിദേശതൊഴിൽ‍ തട്ടിപ്പുകൾ‍ക്കെതിരെ പരാതിനൽ‍കാം


സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ‍ ഓഫ് എമിഗ്രൻസും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ−മെയിൽ ഐഡികളും നിലവിൽവന്നു. വിദേശ രാജ്യത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകൾ‍, വീസ തട്ടിപ്പുകൾ‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികൾ‍ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ−മെയിലുകൾ‍ വഴിയും, 0471−2721547 എന്ന ഹെൽ‍പ്പ്‌ലൈൻ നമ്പറിലും പ്രവാസികൾ‍ക്ക് പരാതികൾ‍ നൽ‍കാം.

വീസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴിൽ‍ തട്ടിപ്പുകൾ‍ എന്നിവ ശ്രദ്ധയിൽ‍പെട്ടതിനെ തുടർ‍ന്ന് മുഖ്യമന്തി നോർ‍ക്ക റൂട്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ‍ ഓഫ് എമിഗ്രൻസ്, കേരള പൊലീസ് എന്നിവരുടെ സംയുക്ത യോഗം മുൻപ് വിളിച്ചിരുന്നു. ഇതേ തുടർ‍ന്നാണ് ഓപ്പറേഷൻ‍ ശുഭയാത്ര നടപ്പിലാക്കാൻ സംസ്ഥാന സർ‍ക്കാർ‍ തീരുമാനിച്ചത്.

വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യൻ‍ എംബസി, പ്രവാസി സംഘടനകൾ‍ എന്നിവരുടെ സഹായത്തോടെ നാട്ടിൽ‍ തിരിച്ചെത്തിക്കുന്നതിന് നിലവിൽ‍ നോർ‍ക്ക വകുപ്പും, നോർ‍ക്ക റൂട്ട്‌സും സത്വര നടപടികൾ‍ സ്വീകരിക്കുന്നുണ്ട്. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ വിപുലമായ ബോധവൽ‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് പ്രവാസികൾ‍ക്ക് നേരിട്ട് പരാതി നൽ‍കാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം കൂടി നിലവിൽ‍ വന്നിരിക്കുന്നത്.

തീരദേശം, വിമാനത്താവളങ്ങൾ‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങൾ‍ക്കനുസരിച്ച് നിലവിൽ‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. സോഷ്യൽ‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ‍ തടയുന്നതിന് പൊലീസിന്റെ സൈബർ‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവർ‍ത്തിച്ചു വരുന്നുണ്ട്. നോഡൽ‍ ഓഫീസറുടെ മേൽ‍നോട്ടത്തിൽ‍ എല്ലാ പൊലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

You might also like

Most Viewed