വിമത എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ചെന്ന് ഷിൻഡെ; നിഷേധിച്ച് മഹാരാഷ്ട്ര സർക്കാർ


മഹാരാഷ്ട്ര സർക്കാരിൽ നിന്നും ഇടഞ്ഞു നിൽക്കുന്ന വിമത എംഎൽഎമാരുടെ സുരക്ഷാ സേവനങ്ങൾ പിൻവലിച്ചെന്ന ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രി ദിലീപ് വൽസെ. 'ഏതെങ്കിലും എംഎൽഎമാരുടെ സുരക്ഷ പിൻവലിക്കാൻ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രാലയമോ ഉത്തരവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ വികൃതവും വ്യാജവുമാണ്,' മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

വിമതപക്ഷത്തെ നയിക്കുന്ന ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയാണ് വിമത എംഎൽഎമാരുടെ സുരക്ഷ സർക്കാർ എടുത്ത് കളഞ്ഞതായി ആരോപിച്ചത്. താനുൾപ്പെടെ വിമതപക്ഷത്തുള്ള 16 പേരുടെ സുരക്ഷ പിൻവലിച്ചെന്നും ഇത് പ്രതികാര നടപടി ആണെന്നുമായിരുന്നു ആരോപണം. തങ്ങളുടെ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാന സർക്കാരായിരിക്കും ഉത്തരവാദിയെന്നും ഷിൻഡെ പറയുന്നു. നിലവിൽ അസമിലെ ഗുവാഹട്ടിയിലാണ് വിമത സംഘമുളളത്.

ഇതിനിടെ വിമതപക്ഷത്തുള്ള നാല് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഈ എംഎൽഎമാരുടെ പേര് വിവരങ്ങൾ ശിവസേന നിയമസഭാ ഡെപ്യൂട്ടി സ്പീക്കർക്ക് അയച്ചിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പിടിഐയോട് പ്രതികരിച്ചു. സഞ്ജയ് റേമുൽക്കർ, ചിമൻ പാട്ടീൽ, രമേഷ് ബോർനാരെ, ബാലാജി കല്യാൺകർ എന്നിവരുടെ പേരുകൾ ഡെപ്യൂട്ടി സ്പീക്കർക്ക് കെെമാറിയ നാല് നിയമസഭാംഗങ്ങൾ. 16 വിമത എംഎൽഎമാർക്കും പാർട്ടി നോട്ടീസ് അയച്ച് തിങ്കളാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെടും.

ശിവസേനയെ തകർക്കുക എളുപ്പമല്ലെന്ന് സേനാ എംപി സഞ്ജയ് റൗത്ത് വ്യക്തമാക്കിയിട്ടുണ്ട്. ശിവസേന വലിയ പാർട്ടിയാണ്. അത്ര എളുപ്പത്തിൽ തകർക്കാനാവില്ല. ഇത് ഞങ്ങളുടെ രക്തം കൊണ്ട് പടുത്തുയർത്തതാണ്. ഇതിനായി നിരവധി പേർ ത്യാഗം ചെയ്തിട്ടുണ്ട്. പണം കൊണ്ട് ആർക്കുമത് തകർക്കാനാവില്ലെന്നും സഞ്ജയ് റൗത്ത് എഎൻഐയോട് പറഞ്ഞു.

You might also like

Most Viewed