ഗുജറാത്ത് കലാപം; പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ നൽകിയ ഹർജി തള്ളി സുപ്രീം കോടതി


ഗുജറാത്ത് കലാപക്കേസിൽ‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്വേഷണ ഉദ്യോഗസ്ഥർ‍ ക്ലീൻ‍ ചിറ്റ് നൽ‍കിയ നടപടി ചോദ്യം ചെയ്തു കൊണ്ടുള്ള ഹർ‍ജി തള്ളി സുപ്രീം കോടതി. ഗുജറാത്ത് കലാപത്തിൽ‍ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽ‍കിയ ഹർ‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എഎം ഖാന്‍വിൽ‍ക്കർ‍ അധ്യക്ഷനായ ബെഞ്ചാണ് ഹർ‍ജി പരിഗണിച്ചത്. ഗുജറാത്ത് കലാപത്തിൽ‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 63 പേർ‍ക്കും കേസന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽ‍കിയിരുന്നു. 2017 ഒക്ടോബർ‍ അഞ്ചിന് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി റിപ്പോർ‍ട്ട് ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ നൽ‍കിയ ഹർ‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. 

ഗുജറാത്ത് കലാപ സമയത്ത് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിൽ‍ ഗുൽ‍ബർ‍ഗ് സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട 68 പേരിലൊരാളാണ് ഇഹ്‌സാൻ‍ ജഫ്രി. 2002ൽ അഹമ്മദാബാദിൽ ആരംഭിച്ച ഗുജറാത്ത് കലാപത്തിൽ 790 മുസ്ലിംങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2,500ഓളം പേർ‍ക്ക് പരിക്കേൽ‍ക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക രേഖകളിൽ‍ പറയുന്നത്. എന്നാൽ കലാപത്തിൽ 2000ത്തിനടുത്ത് ആളുകൾ കൊല്ലുപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.

You might also like

Most Viewed