‘കാട്ടുപന്നികളെ കൊല്ലരുത്’; കേരള സർക്കാരിനോട് മനേകാ ഗാന്ധി

അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേകാ ഗാന്ധി. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മനേകാ ഗാന്ധി വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു. മനേകാ ഗാന്ധിക്ക് രേഖാമൂലം മറുപടി നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വനം−വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷന്‍മാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷമാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡന്‍ പദവി നൽകാന്‍ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന രീതിയിലാണ് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും മറ്റ് ജനങ്ങളുടെയും ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. വനത്തിനുള്ളിൽ കടന്ന് കാട്ടുപന്നികളെ വെടിവെയ്ക്കാനും നശിപ്പിക്കാനും സംസ്ഥാന സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ല. സർക്കാരിന്റെ നല്ല ഉദ്ദേശ്യത്തെ തകിടം മറിയ്ക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കേന്ദ്ര സർക്കാർ കാണാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് വനം−വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.