ആകാശത്ത് നിന്നും ലോഹപന്തുകൾ ഭൂമിയിലേക്ക് പതിക്കുന്നു


ആകാശത്ത് നിന്നും ലോഹപന്തുകൾ ഭൂമിയിലേക്ക് പതിക്കുന്നു. ഗുജറാത്തിലെ ഒന്നിലധികം ഇടങ്ങളിൽ കഴിഞ്ഞ ദിവസമാണ് അജ്ഞാത വസ്തു ആകാശത്ത് നിന്നും വീണത്. 1.5 മീറ്റർ വ്യാസം വരുന്ന ഗോളാകൃതിയിലുളള ലോഹരൂപമാണ് പതിച്ചത്. കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളിലായിട്ടാണ് ഇവ ഭൂമിയിലേക്ക് വീണത്. ആനന്ദ് ജില്ലയിലെ ദഗ്ജിപുര, ഖാംഭോലാജ്, രാംപുര വില്ലേജുകളിലും അയൽജില്ലയായ ഖേഡയിലെ ഭൂമേൽ വില്ലേജിലുമാണ് ഈ ഗോളങ്ങൾ വീണത്. പരിഭ്രാന്തരായ ജനങ്ങൾ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

നാലിടങ്ങളിൽ ഇത്തരം അജ്ഞാതവസ്തു വീണതായി ആനന്ദ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി.ഡി ജഡേജ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഗോളങ്ങൾ ഇപ്പോൾ ആനന്ദ് പോലീസിന്റെ കൈകളിലാണ്. ബഹിരാകാശ പേടകങ്ങളിലെ സ്റ്റോറേജ് ടാങ്കിന്റെ ഭാഗങ്ങളോ ചൈനീസ് റോക്കറ്റുകളുടെ അവശിഷ്ടങ്ങളോ ആകാമെന്ന് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വസ്തുവിന്റെ വിശദമായ പരിശോധനയ്‌ക്ക് ഐഎസ്ആർഒയുടെ സേവനം തേടിയതായി പോലീസ് പറഞ്ഞു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയെയും ഇതേ ആവശ്യവുമായി പോലീസ് സമീപിച്ചിട്ടുണ്ട്.

ഇത്തരം വസ്തുക്കൾ ചൈനീസ് റോക്കറ്റായ ചാങ് ജെങ് 3 ബിയുടെ അവശിഷ്ടങ്ങളാകാനാണ് സാദ്ധ്യതയെന്ന് അമേരിക്ക ആസ്ഥാനമായുളള ജ്യോതിശാസ്ത്ര വിദഗ്ധൻ ജോനാഥൻ മക്‌ഡോവൽ ട്വിറ്ററിൽ കുറിച്ചു. 2021 സെപ്തംബറിൽ വിക്ഷേപിച്ച ചാങ് ജെങ് 3 ബി പരമ്പരയിലെ വൈ 86 റോക്കറ്റ് അന്തിമ ഭ്രമണ പഥത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് 12നാണ്. അണ്ഡാകൃതിയിലുളള ഈ ഭ്രമണ പഥത്തിലേക്കുളള പ്രവേശനം ദുഷ്‌കരമാണെന്നും ജോനാഥൻ മക്‌ഡോവൽ വിശദീകരിച്ചിരുന്നു.

ഇത്തരം ഗോളാകൃതിയിലുളള ലോഹഭാഗങ്ങൾ റോക്കറ്റുകളിലും മറ്റും ഇന്ധന ടാങ്കുകളിൽ ഉപയോഗിക്കുന്നവയാണെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ബിഎസ് ഭാട്ടിയയും വ്യക്തമാക്കിയിട്ടുണ്ട്.

You might also like

Most Viewed