പവർ കട്ട് മെട്രോ ട്രെയിനുകളെയും ആശുപത്രികളെയും ബാധിക്കുമെന്നു ഡൽഹി സർക്കാരിന്റെ മുന്നറിയിപ്പ്

രാജ്യത്തു കൽക്കരിക്ഷാമം രൂക്ഷമായതിനെത്തുടർന്നുണ്ടായ പവർ കട്ട് മെട്രോ ട്രെയിനുകളെയും ആശുപത്രികളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. തലസ്ഥാനത്തെ മെട്രോ ട്രെയിനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾക്കു വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്നു ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകി. ഡൽഹി വൈദ്യുതി മന്ത്രി സത്യേന്ദർ ജെയിൻ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേരുകയും ദേശീയ തലസ്ഥാനത്തു വൈദ്യുതി എത്തിക്കുന്ന വൈദ്യുത നിലയങ്ങളിൽ മതിയായ കൽക്കരി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തെഴുതുകയും ചെയ്തു. ദാദ്രി-II, ഉഞ്ചഹാർ പവർ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ, ഡൽഹി മെട്രോ, ഡൽഹി സർക്കാർ ആശുപത്രികൾ എന്നിവയുൾപ്പെടെ പല അവശ്യ സ്ഥാപനങ്ങളിലേക്കും 24 മണിക്കൂർ വൈദ്യുതി വിതരണത്തിൽ പ്രശ്നമുണ്ടായേക്കാമെന്നു സർക്കാർ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനങ്ങളിൽ പവർകട്ട് രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിക്കഴിഞ്ഞു. രണ്ടു മുതൽ എട്ടു മണിക്കൂർ വരെയാണു പവർകട്ട്. ഇതോടെ ഈ സംസ്ഥാനങ്ങളിൽ ഫാക്ടറികളുടെ പ്രവർത്തനം താറുമാറായി. ഉത്തരേന്ത്യയിൽ രാജസ്ഥാനിലും ഉത്തർപ്രദേശിലുമാണ് ഏറ്റവുമധികം ഊർജപ്രതിസന്ധിയുള്ളത്.
കൽക്കരിക്ഷാമം രാജ്യത്തെ താപനിലയങ്ങളുടെ പ്രവർത്തനത്തെ തകിടം മറിച്ചെന്ന് ഓൾ ഇന്ത്യ പവർ എൻജിനിയേഴ്സ് ഫെഡറേഷൻ പറഞ്ഞു. രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിൽ 70 ശതമാനവും താപവൈദ്യുതിയിൽനിന്നാണ്. രാജ്യത്ത് 54 താപവൈദ്യുത നിലയങ്ങളാണുള്ളത്. കേരളത്തിലും കേരളത്തിൽ വൈകുന്നേരം 6.30നും 11.30നും ഇടയിൽ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി വൈദ്യുതി ബോർഡ് അറിയിച്ചു. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. വൈകുന്നേരം 6.30 മുതൽ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യമുള്ളത്. ഇതിൽ 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകും. അതേസമയം, ആവശ്യത്തിനു കൽക്കരി രാജ്യത്തുണ്ടെന്നാണു സർക്കാർ ഭാഷ്യം. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരിശേഖരം രാജ്യത്തുണ്ടെന്ന് ഒരാഴ്ച മുന്പു സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജലദൗർലഭ്യം കർഷകരെ വലയ്ക്കുകയാണ്. യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഗോതന്പ് കയറ്റുമതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതിനിടെയാണ് ഈ തിരിച്ചടി.