മോദിയുടെ പ്രസംഗം ഗുരുനിന്ദയാണെന്ന് കോടിയേരി

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി വിശദീകരിച്ച ഗുരുദർശനവും കാഴ്ച്ചപാടും ഒരേസമയം കൗതുകകരവും അപകടകരവുമാണ്. മോദിയുടെ പ്രസംഗം ഗുരുനിന്ദയാണ്. ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നല്ലതാണ് എന്നാൽ ആ അവസരം ഗുരുവിന്‍റെ ദർശനത്തെയും നിലപാടുകളെയും തിരസ്‌കരിക്കാനും സംഘപരിവാറിന്‍റെ കാവിവർണ ആശയങ്ങൾ ഒളിച്ചുകടത്താനുമുള്ള അവസരമാക്കുന്നത് അനുചിതമാണെന്നും കോടിയേരി വ്യക്തമാക്കി.
ദീൻ ദയാൽ സ്മരണ പതിവായി പുതുക്കുകയും ദീൻ ദയാലിന്‍റെ പേരിൽ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്‍റെ മാനവദർശനം സ്വീകരിക്കാനാകില്ല. അതിനാലാണ് ഗുരുവിനെ റാഞ്ചി തീവ്രവർഗീയ ഇരിപ്പിടത്തിൽ ഉറപ്പിക്കാനുള്ള ഹീനമായ വാചകമടി പ്രധാനമന്ത്രി നടത്തിയത്. ശ്രീനാരായണ ഗുരുവിന്‍റെ പേരും ദുരുപയോഗിച്ച് മുസ്‌ലീം വിരുദ്ധ വർഗീയ ലഹളയ്ക്കാണോ മോദി ലക്ഷ്യമിടുന്നതെന്നും കോടിയേരി ചോദിച്ചു.