കൊടും ഭീകരൻ യൂസഫ് കാൻട്രൂവുൾപ്പെടെ ബാരാമുള്ളയിൽ രണ്ട് ലഷ്കർ ഭീകരരെ വധിച്ചു


ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം. ലഷ്‌കർ−ഇ−ത്വയ്ബയിൽ സജീവ പ്രവർത്തകനും കൊടും ഭീകരനുമായ യൂസഫ് കാൻട്രൂ ഉൾപ്പടെ രണ്ട് പേരെയാണ് സൈന്യം വകവരുത്തിയത്. 2020ൽ ബിഡിസി ചെയർമാൻ ആയിരുന്ന സർദാർ ഭൂപേന്ദർ സിംഗിനെ കൊലപ്പെടുത്തിയ ഭീകരനാണ് യൂസഫ് കാൻട്രൂ എന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു.

നിരവധി സാധാരണക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ കൊലപാതകത്തിലും കശ്മീർ പോലീസിലെ എസ്പിഒയും അദ്ദേഹത്തിന്റെ സഹോദരനും കൊല്ലപ്പെട്ട സംഭവത്തിലും ലഷ്‌കർ കമാൻഡറായ യൂസഫിന് പങ്കുണ്ടെന്നാണ് വിവരം. ബഡ്ഗാമിൽ സൈനികനും പ്രദേശവാസിയും കഴിഞ്ഞയിടയ്‌ക്ക് കൊല്ലപ്പെട്ട സംഭവത്തിലും യൂസഫിന് പങ്കുണ്ടെന്ന് കശ്മീർ പോലീസ് അറിയിച്ചു.

ബാരാമുള്ളയിൽ ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാല് സൈനികർക്കും ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് മൂന്ന് ഭീകരർ കൂടിയുണ്ടെന്നാണ് വിവരം. ബാരാമുള്ളയിലെ പരിസ്വാനി ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പിടിയിലായ ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീർ പോലീസ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed