ആകെ മൂന്ന് ബൾബുകൾ; വൈദ്യുതി ബിൽ 25,000; പരാതിയുമായി വീട്ടമ്മ


രണ്ട് മാസം കൂടുമ്പോൾ വീട്ടിലേക്കെത്തുന്ന വൈദ്യുതി ബിൽ പലർക്കും ഒരു തലവേദനയാണ്. അങ്ങനെയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിൽ ഒരു വയോധികയെ തേടി 25,000 രൂപയുടെ ബിൽ എത്തി വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

വെറും മൂന്ന് ബൾബുകൾ മാത്രമുള്ള വീട്ടിലാണ് 78−കാരിയായ ദേവകി താമസിക്കുന്നത്. രണ്ട് മാസം കൂടുമ്പോൾ പരമാവധി 260 രൂപ മാത്രമാണ് ഇവർക്ക് വൈദ്യുതി ബിൽ വരാറുള്ളത്. എന്നാൽ ഇത്തവണ 25,000 രൂപ ബിൽ തുക കണ്ട് ദേവകി അമ്പരന്നു.

നീലഗിരി ജില്ലയിലെ മാതമംഗലത്താണ് സംഭവമുണ്ടായത്. ഫോണിലേക്ക് വന്ന മെസേജിലൂടെ ബിൽ തുക കണ്ട് ഞെട്ടിയ ദേവകി ഉടൻ തന്നെ പരാതി നൽകുകയും ചെയ്തു. ഇതിനോടകം ബിൽ തുകയായ 25,000 രൂപ ദേവകി അടച്ചിരുന്നു. ശേഷമാണ് പരാതി നൽകിയത്. സെറംബാഡി ഇലക്ട്രിസിറ്റി ബോർഡിന് കീഴിലാണ് ദേവകിയുടെ വീടുള്ളത്. അവിടെയെത്തി പരാതി നൽകിയതോടെ ഗൂഡല്ലൂർ എഞ്ചിനീയർ ജയപ്രകാശും പാണ്ഡല്ലൂർ അസിസ്റ്റന്റ് എഞ്ചിനീയർ മുത്തുകുമാറും ദേവകിയുടെ വീട്ടിലെത്തി പരിശോധന നടത്തി.

അപ്പോഴാണ് ബിൽ തുക വർദ്ധിക്കാനിടയായ കാരണം കണ്ടെത്തിയത്. വീട്ടിലെത്തി മീറ്റർ റീഡിങ് നടത്തുന്ന വൈദ്യുത ബോർഡ് സ്റ്റാഫായ രമേഷ് ആണ് ബിൽ തുക വർദ്ധിപ്പിച്ച വിരുതൻ. മീറ്റർ നോക്കി തെറ്റായി റീഡിങ് അടയാളപ്പെടുത്തിയതിനാലാണ് വലിയ തുക ബില്ലായി ലഭിച്ചതെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ രമേഷിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ദേവകി അടച്ച 25,000 രൂപയിൽ നിന്നും അധിക ബിൽ തുക മടക്കി നൽകുകയും ചെയ്തു.

You might also like

  • Straight Forward

Most Viewed