ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി

ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ അദ്ദേഹം സന്ദർശനം നടത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആശ്രമത്തിൽ മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങൾ സന്ദർശിച്ച ജോൺസൺ ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു. ആശ്രമത്തിലുള്ള രണ്ട് സ്ത്രീകൾ അദ്ദേഹത്തെ ചർക്ക ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. സബർമതി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തും. ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്‌നോളജി സർവകലാശാലയും അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. വെള്ളിയാഴ്ച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.