യുക്രെയ്നിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ജന്മനാട്ടിലേക്ക്
യുക്രെയ്നിലെ കാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഞായാറാഴ്ച വൈകീട്ട് 3 മണിയോടെയാണ് നവീന്റെ ഭൗതികശരീരം ബെംഗളൂരുവിലെ വിമാനത്താവളത്തിലെത്തുന്നത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. നവീന്റെ അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾക്കായി കേന്ദ്രസർക്കാർ യുക്രെയ്ൻ അധികൃതരുമായി ചർച്ച നടത്തുകയായിരുന്നു.
ഹർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീൻ. യുക്രെയ്നിലെ കാർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്.
ഈ മാസം ഒന്നിനായിരുന്നു യുക്രെയ്നിലെ കാർകീവിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുന്പോൾ റഷ്യയുടെ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. കാർകീവിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട നവീൻ. യുക്രൈനിലെ പ്രധാന നഗരമായ കാർകീവ് പിടിച്ചെടുക്കാൻ റഷ്യ നിരന്തരമായ ആക്രമണമായിരുന്നു അന്ന് നടത്തിയിരുന്നത്. ഇതിനിടയിലാണ് ഫോർത്ത് ഹോസ്റ്റൽ എന്ന സ്‌റ്റേഷനിലെ ബങ്കറിലായിരുന്ന നവീൻ ഭക്ഷണവും വെള്ളവും വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ എത്തിയപ്പോളാണ് റഷ്യൻ സേന അപ്രതീക്ഷിത ഷെല്ലിംഗ് നടത്തിയത്.

