ഡൽഹി പോലീസിന്റെ നീക്കം തടഞ്ഞ് കോടതി; ഐഷി ഘോഷിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ നീട്ടി
ഷീബ വിജയൻ
ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന്റെ അറസ്റ്റ് ഡൽഹി പട്യാല ഹൗസ് കോടതി തടഞ്ഞു. കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച വരെയാണ് അറസ്റ്റ് നടപടികൾ തടഞ്ഞത്. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. 2021ൽ ബംഗ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായുള്ള കേസിൽ ഏപ്രിൽ 15നാണ് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല. ജന്തർ മന്തറിലെ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഡൽഹി പൊലീസിന്റെ പ്രതികാര നടപടിയുണ്ടായത്. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി ചൊവ്വാഴ്ച ഡൽഹി എ.കെ.ജി സെന്ററിൽ ഡൽഹി പൊലീസ് എത്തിയത് വലിയ വിവാദമായിരുന്നു. സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂണിഫോമോ ഇല്ലാതെ എത്തിയ പൊലീസ് സംഘത്തെ സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതിരോധിച്ച് തിരിച്ചയക്കുകയായിരുന്നു. തുടർന്നാണ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി കോടതിയെ സമീപിച്ചത്.
നീറ്റ് പരീക്ഷപേപ്പർ ചോർച്ചയും ക്രമക്കേടും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ ഐഷി ഘോഷ് സജീവ സാന്നിധ്യമായിരുന്നു. ജെ.എൻ.യു വിദ്യാർഥി യൂണിയന്റെ മുൻ അധ്യക്ഷ കൂടിയാണ് ഐഷി. അതേസമയം, പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർഥികളെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് എ.കെ.ജി സെന്ററിൽ എത്തിയതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
asddsds

