നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെടുന്ന ബിൽ ഏകകണ്ഠേന പാസാക്കി തമിഴ്‌നാട്


മെഡിക്കൽ‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷ (നീറ്റ്) പരീക്ഷയ്‌ക്കെതിരായ ബിൽ‍ തമിഴ്‌നാട് നിയമസഭ പാസാക്കി. ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേനയാണ് ബിൽ‍ തമിഴ്‌നാട് നിയമസഭ പാസാക്കിയത്. പ്രതിപക്ഷ പാർ‍ട്ടികളായ എഐഎഡിഎംകെയും പിഎംകെയും ഉൾ‍പ്പെടെ സർ‍ക്കാർ‍ നീക്കത്തിന് പിന്തുണ നൽ‍കി. കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർ‍ത്തായിരുന്നു പ്രവേശന പരീക്ഷയ്‌ക്കെതിരായ നീറ്റ് വിരുദ്ധ ബിൽ‍ തമിഴ്‌നാട് സർ‍ക്കാർ‍ പാസാക്കിയത്.

ചരിത്രത്തിൽ‍ സുവർ‍ണ്ണ ലിപികളാൽ‍ കൊത്തിവെക്കപ്പെടേണ്ട ദിനം എന്നായിരുന്നു ബിൽ‍ പാസാക്കിയതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ‍ നടത്തിയ പ്രതികരണം. നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെടുന്ന ബിൽ‍ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ‍ ഗവർ‍ണർ‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് ഉടൻ‍ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ‍ കുറിച്ചു. 2011 മുതൽ‍ ഏഴാം തവണയാണ് ബിൽ‍ പാസാക്കുന്നതിനായി തമിഴാനാട് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നത്. പ്രത്യേക സമ്മേളനം ആരംഭിച്ചയുടന്‍, ബിൽ‍ പാസാക്കാനുള്ള നീക്കത്തെ എതിർ‍ത്ത് ബി.ജെ.പി നേതാക്കൾ‍ നിയമസഭയിൽ‍ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തു. നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നുമായിരുന്നു നിയമസഭയെ അഭിസംബോധന ചെയ്ത് എം.കെ സ്റ്റാലിൻ നടത്തിയ പ്രതികരണം. നീറ്റ് എന്ന സംവിധാനം വിദ്യാർ‍ഥികളെ സെമിത്തേരിയിലേക്കും ജയിലിലേക്കും അയക്കുകയാണ്. പാർ‍ശ്വവൽ‍ക്കരിക്കപ്പെട്ട വിദ്യാർ‍ഥികളോട് വിവേചനം കാണിക്കുകയാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അവകാശം നേടിയെടുക്കാനും ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനും സംസ്ഥാന നിയമസഭയുടെ അവകാശം സംരക്ഷിക്കാനുമാണ് തമിഴ്‌നാട് നിയമസഭയുടെ ഇടപെടലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed