ഛത്തീസ്ഗഡ്−തെലുങ്കാന അതിർത്തിയിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പുർ: ഛത്തീസ്ഗഡ്−തെലുങ്കാന അതിർത്തിയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ കിസ്താരം പ്രദേശത്തെ വനമേഖലയിൽ രാവിലെ ആറിനു ഏഴിനും ഇടയിലാണ് ഏറ്റുമുട്ടൽ നടന്നത്. മരിച്ചവരിൽ നാല് സ്ത്രീകളുമുണ്ട്. തെലുങ്കാന പോലീസിന്‍റെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റുമായാണ് ഏറ്റുമുട്ടൽ നടന്നത്. ഇവർക്ക് സഹായം നൽകാനായി ജില്ലാ റിസർവ് ഗാർഡിന്‍റെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്‍റെയും (സിആർപിഎഫ്) സംയുക്ത സംഘവും പ്രദേശത്ത് തന്പടിച്ചിരുന്നു.
കിസ്താരം ഏരിയാ കമ്മിറ്റിയിൽപ്പെട്ട മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റുകളുടെ അഞ്ച് ഏരിയാ കമ്മിറ്റികളാണ് സുക്മയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ, കേർളാപ്പാൽ, കോന്ത ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ സുരക്ഷാ സേന വിജയം കണ്ടു.