സിൽവർലൈൻ തട്ടിക്കൂട്ടിയ പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ


തിരുവനന്തപുരം: സിൽവർലൈൻ തട്ടിക്കൂട്ടിയ പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പദ്ധതിയുടെ വിശദമായ രൂപരേഖ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാർ ഉത്തരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. സിൽവർലൈൻ വിഷയം പ്രതിപക്ഷം നിയമസഭയിൽ‍ ഉന്നയിച്ചു. എന്നിട്ടും സർ‍ക്കാർ‍ മറുപടി പറയാന്‍ തയാറല്ല. രണ്ടു മണിക്കൂർ‍ ചർ‍ച്ച ചെയ്യാൻ പോലും സർ‍ക്കാർ‍ സന്നദ്ധമായില്ല. പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അഞ്ചു പ്രധാന ചോദ്യങ്ങൾ‍ക്ക് പോലും മറുപടി പറയാൻ തയാറായിട്ടില്ല. വിശദമായി പഠിച്ചശേഷമാണ് പ്രതിപക്ഷം പദ്ധതിയെ എതിർ‍ക്കുന്നത്. പ്രത്യേക സമിതിയെ നിയോഗിച്ച് പഠനം നടത്തി. യുഡിഎഫും ചർ‍ച്ച ചെയതാണ് നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കെതിരെ ഇടതുപക്ഷ സഹയാത്രികർ‍ പോലും ആശങ്കയുമായി രംഗത്തു വന്നിട്ടുണ്ട്. 

സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞില്ലേ, പദ്ധതിയുടെ ഡിപിആർ‍ പുറത്തുവിടണമെന്ന്. ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് അടിസ്ഥാനമുണ്ടെന്നല്ലേ പ്രകാശ് ബാബു പറഞ്ഞത്. സിപിഎം സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിക്കെതിരെ രംഗത്തു വന്നില്ലേ. ശാസ്ത്രസാഹിത്യപരിഷത്ത് മതതീവ്രവാദ സംഘടനയാണോ എന്ന് കോടിയേരി ബാലകൃഷ്ണൻ‍ പറയട്ടെയെന്നും സതീശൻ ആവശ്യപ്പെട്ടു. സിൽവർലൈനിൽ വരെ വർ‍ഗീയത കൊണ്ടുവന്ന് ചേരിതിരിക്കാൻ നോക്കുകയാണ്. ഇതെല്ലാം നാടകങ്ങളാണ്. വർ‍ഗീയത കലർ‍ത്തിയാൽ‍ പ്രതിപക്ഷം രംഗം വിട്ടുപോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സിൽവർലൈനിൽ എന്ത് ജമാ അത്തെ ഇസ്‌ലാമി എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് യുഡിഎഫ് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുന്നറിയിപ്പും നൽകി.

You might also like

Most Viewed