പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് അന്വേഷണ സംഘം

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ മക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. പ്രിയങ്കയുടെ മകൻ റെയ്ഹാൻ (19), മകൾ മിറായ (19) എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അടുത്ത വൃത്തങ്ങൾ അറിയിച്ചുവെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തന്റെ മക്കളുടെ ട്വിറ്റർ, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ഉത്തർപ്രദേശ് സർക്കാർ ഹാക്ക് ചെയ്യുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. സർക്കാർ പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, തന്റെ മക്കളെയും വെറുതെ വിടുന്നില്ലെന്ന് പറഞ്ഞാണ് ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത വിവരം പ്രിയങ്ക വെളിപ്പെടുത്തിയത്.
പ്രിയങ്കയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. പ്രിയങ്ക ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും ഐടി മന്ത്രാലയം സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ് സൂചന.