പി.ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

ഇടുക്കി: അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസിന്റെ (71) സംസ്കാരം ഇന്ന് നടക്കും. പി.ടിയുടെ മൃതദേഹം ഇന്ന് പുലർച്ചെ നാലരയോടെ ഇടുക്കി ഉപ്പുതോടിലെ തറവാട്ടുവീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഉപ്പുതോട്ടിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. തൊടുപുഴ രാജ്ഭവനിൽ രാവിലെ ഏഴരയോടെ പൊതുദർശനം നടത്തി. തുടർന്ന് കൊച്ചി പാലാരിവട്ടം വയലാശേരി റോഡിലെ വസതിയിൽ എത്തിച്ചു. ഇതിനുശേഷം ഡിസിസി ഓഫീസിലും 1.30 വരെ എറണാകുളം ടൗണ് ഹാളിലും പൊതുദർശനം. രാഹുൽ ഗാന്ധി ടൗൺ ഹാളിൽ ആദരാഞ്ജലിയർപ്പിക്കും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും.
സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം പൊതുശ്മശാനത്തിൽ. പി.ടി. തോമസിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ വെല്ലൂർ സിഎംസി ആശുപത്രിയിലേക്ക് ദാനം ചെയ്തിരുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായ അർബുദബാധയെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം.
ഭാര്യ: ഉമ തോമസ് (ആസ്റ്റർ മെഡ്സിറ്റി). മക്കൾ: ഡോ. വിഷ്ണു, വിവേക് (നിയമവിദ്യാർഥി). മരുമകൾ: ഡോ. ബിന്ദു. കണ്ണുകൾ ദാനം ചെയ്യണമെന്നും എറണാകുളം രവിപുരം പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നും പി.ടി. തോമസ് അന്ത്യാഭിലാഷമായി പറഞ്ഞിരുന്നു. ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോടിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം. മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിന്റെ "ചന്ദ്രകളഭം ചാർത്തിയുറങ്ങുംതീരം'എന്ന ഗാനം ആലപിക്കണമെന്നും അന്ത്യാഭിലാഷത്തിൽ രേഖപ്പെടുത്തിയിരുന്നു.