കാശി ധാം ഇടനാഴി രാജ്യത്തിന് തുറന്ന് കൊടുത്ത് മോദി

ലക്നോ: കാശി വിശ്വനാഥ ക്ഷേത്രവും ഗംഗ നദിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് തുറന്നു കൊടുത്തു. ചരിത്രം കുറിച്ച ദിനമാണ് ഇതെന്ന് മോദി പറഞ്ഞു. രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയാവുകയാണ്. പുരാതന, ആധുനിക സംസ്കാരത്തിന്‍റെ സമ്മേളനമാണ് ഇവിടെ നടക്കുന്നത്. ഗംഗമാതാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്പ് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി മോദി പ്രാർത്‍ഥന നടത്തി. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിർക്കിയ ഘാട്ടിൽ എത്തിയ മോദി, ഡബിൾഡക്കർ ബോട്ടിൽ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയിൽ പുണ്യസ്നാനം ചെയ്തു.
വൈകിട്ട് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. വാരാണസി എംപി കൂടിയായ മോദി 2019 മാർച്ചിൽ ശിലയിട്ട പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. 800 മുതൽ 1000 കോടി രൂപവരെയാണ് ആകെ ചെലവു കണക്കാക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപയാണ് ചെലവായത്. വിവിധ ആവശ്യങ്ങൾക്കായി ആദ്യ ഘട്ടത്തിൽ 23 കെട്ടിടങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അഞ്ച് ഹെക്ടർ സ്ഥലത്താണ് പദ്ധതി തയാറാകുന്നത്.