കനത്ത മഴ; ചെന്നൈയിൽ വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: കനത്ത മഴയും ദൂരക്കാഴ്ച ലഭ്യമല്ലാത്തതും മൂലം ചെന്നൈ വിമാനത്താവളത്തിൽ ആഭ്യന്തര−അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. വിമാനത്താളത്തിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ഇറങ്ങേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ ചെന്നൈ− മധുര, ചെന്നൈ− തിരുച്ചിറപ്പള്ളി വിമാനങ്ങളും പോക്കും വരവും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ചെന്നൈ− മുംബൈ സർവീസും നാളെ രാവിലെത്തെ തിരിച്ചുള്ള സർവീസും റദ്ദാക്കി. എയർ അറേബ്യയുടെ ഷാർജ− ചെന്നൈ വിമാനത്തിന്‍റെ യാത്രയും മുടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കും എന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോർട്ട്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഒന്പത് ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി നൽകിയിരിക്കുകയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ ജില്ലകളിലാണു മഴ നാശം വിതച്ചത്.