മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം; ഹോട്ടലിൽ നടത്തിയ പാർട്ടിയെക്കുറിച്ചു പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി: മുൻ മിസ് കേരളയും റണ്ണർ അപ്പും ഉൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽനിന്നു പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആറിന്‍റെയും ഹാർഡ് ഡിസ്‌കിന്‍റെയും പരിശോധന തുടങ്ങി. ഹോട്ടലിൽ നടത്തിയ പാർട്ടിയെക്കുറിച്ചു പോലീസിനു നിർണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. പിടിച്ചെടുത്ത ഉപകരണങ്ങൾ സൈബർ പോലീസിന്‍റെ സഹായത്തോടെയാണ് പരിശോധിക്കുന്നത്. ഡിജെ പാർട്ടി നടന്ന ഫോർട്ടുകൊച്ചിയിലെ നന്പർ 18 ഹോട്ടലിൽനിന്നു മെട്രോ സിഐ എ. അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവ പിടിച്ചെടുത്തത്.
കന്പ്യൂട്ടറിന്‍റെ പാസ്‌വേഡ് അറിയില്ലെന്ന ഹോട്ടൽ ജീവനക്കാരുടെ മൊഴിയെത്തുടർന്നാണ് ഇവ പിടിച്ചെടുത്തത്. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹോട്ടലിലെ നിശാ പാർട്ടികളിൽ സിനിമ, സീരിയൽ രംഗത്തുളളവർ പങ്കെടുക്കുന്നവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഹോട്ടലിന്‍റെ ബാർ ലൈസൻസ് എക്‌സൈസ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒന്നിനു പുലർച്ചെ ഒന്നിന് ദേശീയപാതയിൽ പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ആൻസി കബീറും (25), മിസ് കേരള റണ്ണർ അപ്പ് ഡോ.അഞ്ജന ഷാജനും (24), കെ.എ. മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒക്ടോബർ 31−ന് രാത്രി നന്പർ 18 എന്ന ഹോട്ടലിൽനിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടമുണ്ടായത്. കാർ ഡ്രൈവർ അബ്ദുൾ റഹ്മാൻ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. അതേസമയം, കാർ 120 കിലോ മീറ്റർ വേഗത്തിലായിരുന്നുവെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഫോർട്ടു കൊച്ചിയിൽനിന്നു കാർ വൈറ്റില ബൈപാസിൽ എത്തിയതു വെറും അരമണിക്കൂർ സമയം മാത്രമെടുത്താണെന്നു പോലീസ് പറയുന്നു. അബ്ദുൾ റഹ്മാന്‍റെ രക്തത്തിൽനിന്ന് 155 മില്ലി മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.