ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകും

മുംബൈ: മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകും. ആര്യനെ സ്വീകരിക്കാൻ പിതാവും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാൻ മന്നത്തിൽ നിന്നും ആര്യൻ കഴിയുന്ന ആർതർ റോഡ് ജയിലിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ചയാണ് ആര്യൻ കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് വെള്ളിയാഴ്ച ആര്യൻ ജയിൽമോചിതനാകുമെന്ന് കരുതിയിരുന്നുവെങ്കിലും ജാമ്യത്തിന്‍റെ പകർപ്പ് കൃത്യസമയത്ത് ജയിലിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാൽ ആര്യൻ ജയിലിൽ തന്നെ തുടരുകയായിരുന്നു. ഇന്ന് രാവിലെ തന്നെ അഭിഭാഷകന്‍ ജാമ്യത്തിന്‍റെ പകർപ്പ് ജയിലിൽ എത്തിക്കുമെന്നാണ് സൂചന. അതേസമയം, ആര്യനു വേണ്ടി ജാമ്യം നിന്നത് ബോളിവുഡ് താരം ജൂഹി ചൗളയാണ്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ ജൂഹി ചൗളയാണ് ഒപ്പുവെച്ചത്. ഇതിനായി പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച വൈകിട്ടോടെ ജൂഹി ചൗള എത്തിയിരുന്നു.
14 കർശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. കേസ് സംബന്ധിച്ച് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്താൻ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാമെന്നും വ്യവസ്ഥയിൽ പറയുന്നു. ആര്യൻ ജയിൽമോചിതനാകുന്നതോടെ മന്നത്തിൽ പഴയ സന്തോഷം തിരികയെത്തുമെന്നാണ് ഷാരൂഖിന്‍റെ ആരാധകർ പ്രതീക്ഷിക്കുന്നത്. ആര്യൻ അറസ്റ്റിലായതിൽ ഗൗരി ഖാൻ ഏറെ അസ്വസ്ഥയായിരുന്നു. കൂടാതെ ആര്യൻ ഖാൻ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത് വരെ വസതിയായ മന്നത്തിൽ മധുരപലഹാരങ്ങൾ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാൻ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിരുന്നു. ആര്യന്‍റെ ജയിൽമോചനത്തിനായി അവർ വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.