വിമാനസർവ്വീസ് പുനരാരംഭിക്കണം; ഇന്ത്യയോട് അഭ്യർത്ഥനയുമായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം

ന്യൂഡൽഹി: വ്യോമഗതാഗത മേഖലയിൽ ഇന്ത്യയോട് സഹായ അഭ്യർത്ഥനയുമായി താലിബാൻ ഭീകര ഭരണകൂടം. സാന്പത്തികവും വാണിജ്യപരവുമായി തകർന്നിരിക്കുന്ന അഫ്ഗാനിലെ കാബൂളിൽ നിന്നുള്ള വിമാനങ്ങൾ ഇറങ്ങാൻ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കണമെന്ന അഭ്യർത്ഥനയാണ് നടത്തിയത്. ആദ്യമായാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടം ഇന്ത്യയ്‌ക്ക് ഔദ്യോഗികമായി കത്തയയ്‌ക്കുന്നത്. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താൻ എന്ന ലെറ്റർഹെഡിലാണ് അഭ്യർത്ഥന നടത്തിയത്. അമേരിക്ക തങ്ങളുടെ കാബൂൾ വിമാനത്താവളം നശിപ്പിച്ചു. വിമാനങ്ങളും റൺവേകളും പ്രവർത്തനക്ഷമമല്ലാതാക്കി. ഖത്തറാണ് വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. ഇനി എല്ലാ രാജ്യത്തുനിന്നും മുടങ്ങിയ വ്യോമഗതാഗതം അഫ്ഗാൻ മണ്ണിലേക്കും തിരിച്ചും ആവശ്യമാണ്. അരിയാന അഫ്ഗാൻ എയർലൈൻസിനും കാം എയർലൈൻസിനും ഇന്ത്യയിൽ ഇറങ്ങാനുള്ള അനുവാദം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.’ താലിബാൻ വ്യോമകാര്യമന്ത്രാലയം കത്തിലൂടെ ആവശ്യപ്പെട്ടു.
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ചതായ ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. ആഗസ്റ്റ് 15ന് അഫ്ഗാൻ ഭരണം പിടിച്ച താലിബാൻ ആദ്യമായാണ് ഇന്ത്യയോട് ഔദ്യോഗിക സഹായാഭ്യർത്ഥന നടത്തുന്നത്. ഭീകരരുടെ ശക്തമായ പങ്കാളിത്തത്തോടെയാണ് താലിബാന്റെ ഭരണം. താലിബാന് സഹായം നൽകുന്നത് പാകിസ്താനും ഖത്തറുമാണ്. പാകിസ്താൻ താലിബാൻ ഭീകരർക്ക് നൽകുന്ന സഹായത്തെ ക്കുറിച്ച് ഐക്യരാഷ്‌ട്രസഭാ യോഗത്തിൽ ഇന്ത്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് താലിബാൻ സഹായം അഭ്യർത്ഥിച്ചിട്ടുള്ളത്.