നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം


ന്യൂഡൽഹി: ഈ വര്‍ഷം മുതൽ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒൻപത് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. ഈ വര്‍ഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.

ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികളെ കൂടി പരിഗണിച്ച് ഈ വര്‍ഷം മുതൽ കുവൈറ്റിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാൻ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ neet.nta.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ അറിയിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്താനായിരുന്നു തീരുമാനം.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് മുഖാവരണം നല്‍കും. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപോകാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസര്‍, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed