99.47% വിജയം; എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയശതമാനം. കഴിഞ്ഞവർഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്. വിജയശതമാനം ഏറ്റവും കൂടുതലുളള റവന്യൂ ജില്ല കണ്ണൂരും വിദ്യാഭ്യാസ ജില്ല പാലായുമാണ്. 

കൊവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അദ്ധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41,906 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. 7,838 വിദ്യാർത്ഥികൾ എ പ്ലസ് നേടിയ മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത്. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണയവും നടന്നത്. ഗ്രെയ്‌സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ മൂല്യനിർണയം ഉദാരമായിരുന്നു. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പരമാവധി ഒരു വിദ്യാർത്ഥിക്ക് മൂന്ന് വിഷയത്തിന് സേ പരീക്ഷ എഴുതാം.

You might also like

  • Straight Forward

Most Viewed