കോവിഡ് രൂക്ഷം: സിക്കിമിലും ലോക്ക് ഡൗൺ ഏർപ്പെടുത്തി

ഗോഹട്ടി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിക്കിമിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച നീളുന്ന നിയന്ത്രണമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മുതൽ മേയ് 24−ാം തീയതി വൈകുന്നേരം അഞ്ച് വരെയാണ് സിക്കിമിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ അനുബന്ധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവരൊഴികെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളും റേഷൻ കടകളും സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും.
ജിംനേഷ്യം, മാർക്കറ്റുകൾ, ഫാക്ടറികൾ എന്നിവയ്ക്കും പ്രവർത്തിക്കാൻ അനുമതിയില്ല. കേന്ദ്ര സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. ലോക്ക്ഡൗൺ കാലയളവിൽ പൊതുഗതാഗതവും ആളുകളുടെ കൂട്ടംചേരലും നിരോധിച്ചു. എന്നാൽ, സത്യവാഗ്മൂലം കാണിച്ചാൽ ആളുകൾക്ക് അത്യാവശ്യ യാത്രയ്ക്ക് അനുമതി നൽകും. രാജ്യത്തെ വടക്ക്−കിഴക്കന്‍ മേഖലയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് സിക്കിം. നേരത്തെ, മിസോറാമിലും നാഗാലാന്‍ഡിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.