കൊറോണയുടെ മരുന്നുകളും ഇഞ്ചക്ഷനുകളും ബ്ലാക്കിൽ: ഡോക്ടറടക്കം മൂന്ന് പേർ അറസ്റ്റിൽ

ഗാസിയാപ്പൂർ: രാജ്യം കൊറോണ മഹമാരിയ്ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമ്പോൾ രോഗത്തിന് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ പ്രശസ്ത ന്യൂറോ സർജൻ മുഹമ്മദ് അൽതമാഷിനെയും സഹായികളായ രണ്ടുപേരെയും ഗാസിയാബാദ് പോലീസും ക്രൈംബ്രാഞ്ച് സംഘവും അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്ന് 70 റെംഡെസിവിർ ഇഞ്ചക്ഷനുള്ള മരുന്നുകളും ,രണ്ട് ആക്ട്രൈമ ഇഞ്ചക്ഷനുള്ള മരുന്നുകളും 36 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഡോ. അൽതമാഷിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാറും പോലീസ് പിടിച്ചെടുത്തു.
നിസാമുദ്ദീൻ നിവാസിയായ മുഹമ്മദ് അൽതമാഷ് എയിംസിൽ വളരെക്കാലം സേവനമനുഷ്ഠിച്ച ഡോക്ടറാണ്. നിലവിൽ ഗാസിയാബാദിൽ ഒരു ക്ലിനിക് നടത്തുകയാണ് ഇയാൾ. മൂന്ന് ദിവസം മുൻപ് തന്നെ ഈ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സഞ്ജയ് പാണ്ഡെ പറഞ്ഞു. ഒരു പെൺകുട്ടി ഇവരെ സമീപിച്ച് 48,000 രൂപയ്ക്ക് ഈ സംഘത്തിൽ നിന്ന് കുത്തിവയ്പ്പിനുള്ള മരുന്ന് വാങ്ങിയതായും അറിയിച്ചിരുന്നു. ഈ വിവരത്തെ തുടർന്നാണ് പോലീസ് നിരീക്ഷണം ആരംഭിച്ചത്.
കൈല ഭട്ട നിവാസിയായ കുമൈൽ അക്രം എന്ന ആളെയാണ് അന്വേഷണ സംഘം ആദ്യം പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇന്ദുവാഡ നിവാസിയായ ജാസിബ് എന്നയാൾക്കും ഇതിൽ പങ്കുള്ളതായി വ്യക്തമായി. ജാസിബാണ് ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ഇവർക്ക് നൽകുന്നതെന്നും കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഡോ. അൽതമാഷ് റാക്കറ്റിൽ ഉൾപ്പെടുന്ന വിവരവും പോലീസിനു ലഭിച്ചത്.