കോവിഡ് മുക്തനായി; സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയെന്ന് യുപി സർക്കാർ

യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റിയതായി ഉത്തർപ്രദേശ് സർക്കാർ. കോവിഡ് മുക്തനായതിനെ തുടർന്നാണ് നടപടിയെന്നാണ് അറിയുന്നത്. കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് യുപി സർക്കാർ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. കാപ്പന് മികച്ച ചികിത്സ തേടി സമർപ്പിച്ച ഇടക്കാല ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കവെയാണ് യുപി സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഹരജി പരിഗണിച്ച കോടതി മെഡിക്കൽ റിപ്പോർട്ട് ഇന്നു തന്നെ കൈമാറണമെന്ന് സർക്കാരിനോട് ഉത്തരവിട്ടിരുന്നു. കാപ്പന് മുറിവേറ്റിരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, എങ്ങനെ മുറിവേറ്റു എന്ന കാര്യം വ്യക്തമല്ല. കാപ്പൻ നേരത്തെ സെല്ലിൽ കുഴഞ്ഞുവീണ് മുഖത്ത് പരിക്കേറ്റിരുന്നു. ഇപ്പോഴും ആ പരിക്ക് നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നത്.