48 ഓക്സിജൻ സിലിണ്ടറുകളുമായി ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ഓക്‌സിജൻ സിലിണ്ടറുകൾ കണ്ടെത്തി. കടുത്ത ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുന്ന ഘട്ടത്തിൽ ഒരു വീട്ടിൽ നിന്ന് 32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. സ്ഥിരം പട്രോളിംഗിനിറങ്ങുന്ന പോലീസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
ദശരഥ് പുരിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. വീട്ടുടമയായ അനിൽകുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം വ്യവസായ ആവശ്യത്തിന് ഓക്‌സിജൻ വിതരണം നടത്തുന്നയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഓക്‌സിജൻ വിതരണം ചെയ്യുന്ന വ്യക്തിയാണെന്നും വ്യവസായ വകുപ്പിന്റെ ലൈസൻസില്ലാതെയാണ് വിതരണം നടത്തുന്നതെന്നും പോലീസ് പറയുന്നു.
വലിയ സിലിണ്ടറുകളിൽ നിന്നും സ്വന്തം സംവിധാനത്തിൽ ചെറിയ സിലിണ്ടറുകളിലാക്കി ഒരെണ്ണം 12500 രൂപയ്ക്ക് വിൽപ്പന നടത്തുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു. മായാപുരിയിൽ പ്രത്യേകം സംഭരണശാല അനിലിനുണ്ടെന്നും അവിടെ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു.