ജസ്റ്റിസ് എന്‍വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു

ന്യൂഡൽഹി: സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻ.വി രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ് ആയി എൻ.വി രമണയെ ശുപാർശ ചെയ്തിരുന്നത്.
2022 ഓഗസ്റ്റ് 26 വരെയാണ് ജസ്റ്റിസ് എൻവി രമണ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാവുക. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ആന്ധ്രയിൽ നിന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ആളാണ് എൻ.വി രമണ. 9ാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന സുബ്ബ റാവോ ആയിരുന്നു ഇതിന് മുന്പ് ആന്ധ്രയിൽ നിന്ന് ഈ പദവിയിലെത്തിയത്.
ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിൽ ഒരു കർഷക കുടുംബത്തിൽ 1957 ഓഗസ്റ്റ് 27 നാണ് ജസ്റ്റിസ് എൻ.വി രമണ ജനിച്ചത്. ആന്ധ്ര ഹൈക്കോടതി ജഡ്ജി, ആന്ധ്ര ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2014 ലാണ് ജസ്റ്റിസ് എൻവി രമണ സുപ്രിംകോടതിയിൽ സേവനം ആരംഭിച്ചത്. കാശ്മീരിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ വിധി പുനഃപരിശോധിക്കാൻ ഉത്തരവിട്ട ബെഞ്ചിലെ അംഗം ആയിരുന്നു എൻ.വി രമണ. ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന് കീഴിൽ വരണമെന്ന് നിർദേശിച്ച ജഡ്ജിമാരുടെ പാനലിൽ അംഗവുമായിരുന്നു ഇദ്ദേഹം.