ജമ്മു കാശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി തിരിച്ചു നൽകുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ജമ്മു കാശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി തിരിച്ചു നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം ജമ്മു കശ്മീരിലുണ്ടായ വികസന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കവെ അമിത് ഷാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.
" ആർട്ടിക്കിൾ 370 പിൻവലിച്ച സമയം ഞങ്ങൾ നൽകിയ വാഗ്ദാനങ്ങളിൽ എന്ത് ചെയ്തുവെന്ന് ഞങ്ങളോട് ചോദിക്കുന്നുണ്ട്. ആർട്ടിക്കിൾ 370 പിൻവലിച്ചിട്ട് പതിനേഴു മാസമേ ആയിട്ടുള്ളൂ, എന്നിട്ടും നിങ്ങൾ അതിന്റെ കണക്ക് ചോദിക്കുന്നു."
"നിങ്ങൾ എഴുപത് വർഷം ചെയ്തതിന്റെ കണക്ക് കൊണ്ട് വന്നിട്ടുണ്ടോ? നിങ്ങൾ ശരിയായ രീതിയിൽ പ്രവൃത്തിച്ചിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കേണ്ടി വരില്ലായിരുന്നു. എല്ലാത്തിന്റെയും കണക്ക് തരാൻ എനിക്കൊരു എതിർപ്പുമില്ല. തലമുറകളോളം ഭരിക്കാൻ അവസരം ലഭിച്ചവർക്ക് കണക്ക് ചോദിക്കാൻ അവകാശമുണ്ടോയെന്നു ആലോചിക്കേണ്ടതുണ്ട്." - അദ്ദേഹം പറഞ്ഞു.