നികുതി കുറച്ചു: അസമില്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ കുറഞ്ഞു


ഗുവാഹത്തി: അസമില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ അഞ്ച് രൂപയുടെ കുറവ് വരുത്തി അസം സര്‍ക്കാർ. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും. മദ്യനികുതിയില്‍ 25 ശതമാനം കുറവ് വരുത്താനും ബി.ജെ.പി സര്‍ക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ധന വിലയില്‍ അഞ്ച് രൂപ കുറയുന്നതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്ക് ഇന്ധനം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി അസം മാറും.

ധനമന്ത്രി ഹിമാന്ത ബിശ്വാസ് വെള്ളിയാഴ്ച നിയമസഭയിലാണ് നിരക്കുകള്‍ കുറച്ച കാര്യം പ്രഖ്യാപിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് സര്‍ക്കാർ തീരുമാനം. സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ അധികാരം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളിലാണ്.
ഇന്ധന വില കുറക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാറിന് പ്രതിമാസം 80 കോടി രൂപ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി ഹിമാന്ത ബിശ്വാസ് നിയമസഭയില്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ധനത്തിന്മേല്‍ അധിക നികുതി ചുമത്തിയത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് വരുന്നു. ആരോഗ്യമേഖലയിലുണ്ടായ പ്രതിസന്ധിക്കും അയവ് വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ധനത്തിന്മേലുള്ള അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed