രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്ന് ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: കർഷകസമരത്തെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുമുള്ള അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തോട് അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് വിമുഖത കാണിച്ച ട്വിറ്ററിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്ന് കേന്ദ്ര ഐടി സെക്രട്ടറി വ്യക്തമാക്കി. നിർദേശിച്ച മുഴുവൻ അക്കൗണ്ടുകളും ഉടൻ റദ്ദാക്കണമെന്നും ട്വിറ്റർ പ്രതിനിധികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ ഐടി സെക്രട്ടറി ആവശ്യപ്പെട്ടു. കർഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും കൂടിക്കാഴ്ചയിൽ ഐടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ട്വിറ്റർ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കന്പനി ബഹുമാനിക്കുന്നതായും ട്വിറ്റർ മറുപടി നൽകി.
റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലും കർഷകസമരത്തിനു വ്യാപക വിദേശ പിന്തുണ ലഭിച്ചതിനും പിന്നാലെയാണ് 1,178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രായം ട്വിറ്ററിന് നിർദേശം നൽകിയത്. ഖാലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാൻ പിന്തുണയോടെ പ്രവർത്തിക്കുന്നതുമാണ് ഈ അക്കൗണ്ടുകളെന്നാണ് കേന്ദ്രം ആരോപിച്ചത്. കേന്ദ്ര നിർദേശത്തെ തുടർന്ന് ഒരു വിഭാഗം അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും ഇവ ഇന്ത്യക്കു പറത്ത് സജീവമായിരിക്കുമെന്നും ട്വിറ്റർ അറിയിച്ചു. എന്നാൽ, മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്‌ട്രീയ നേതാക്കൾ എന്നിവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല എന്നാണ് ട്വിറ്റർ വ്യക്തമാക്കിയത്. ഇന്ത്യയിലെ നിയമനുസരിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാകുമെന്നാണ് ട്വിറ്റർ കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം.