നിങ്ങളുടെ കുട്ടികളെ ഓൺ‌ലൈനിൽ സുരക്ഷിതരാക്കാൻ ഫേസ്ബുക്ക് സുരക്ഷാ മേധാവി നിർദ്ദേശിച്ച ടിപ്പുകൾ ഇതാ...


ന്യൂഡൽഹി: കഴിഞ്ഞ 12 മാസത്തിനിടെ നമ്മളിൽ ഭൂരിഭാഗവും മുന്പത്തേക്കാൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കാൻ തുടങ്ങി. കൊറോണ വൈറസ് മഹാമാരി സമയത്ത് വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കാതെ പിടിച്ചു നി‍ർത്തിയത് ഇന്റ‍ർനെറ്റാണ്. യുവജനങ്ങൾക്കായി മികച്ച ഓൺലൈൻ ലോകം സൃഷ്ടിക്കാൻ ഇന്റ‍ർനെറ്റിനായി. രക്ഷകർത്താക്കൾക്ക് അവരുടെ കുട്ടികളെ എങ്ങനെ ഓൺ‌ലൈനിൽ സുരക്ഷിതമാക്കാം എന്നത് സംബന്ധിച്ച് ചില നി‍‍ർദ്ദേശങ്ങൾ ഫേസ്ബുക്ക് ഏഷ്യ പസഫിക് സേഫ്റ്റി ഹെഡ് അംബർ ഹോക്സ്, ഐ‌എ‌എൻ‌എസ് ലൈഫുമായി പങ്കുവച്ചു. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

യഥാ‍ർത്ഥത്തിൽ കുട്ടികളെ ഓൺ‌ലൈൻ സുരക്ഷയെക്കുറിച്ച് മനസ്സിലാക്കിക്കുന്നത് അൽപ്പം ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. എന്നാൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആശയവിനിമയത്തിനും മറ്റ‌ും തുറന്ന ചാനലുകൾ സൂക്ഷിക്കുക എന്നതാണെന്ന് അംബ‍ർ ഹോക്സ് പറഞ്ഞു. ഓൺലൈൻ സുരക്ഷ സംബന്ധിച്ച സംഭാഷണങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഹോക്സ് പറഞ്ഞു. അപരിചിതരെ സൂക്ഷിക്കണമെന്നും റോഡ് മുറിച്ചുകടക്കുന്പോൾ സൂക്ഷിക്കണമെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ തന്നെ ഓൺലൈൻ സുരക്ഷ സംബന്ധിച്ചും കുട്ടികളുമായി സംസാരിക്കണം.

 

ഓൺലൈൻ സുരക്ഷയെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നതിലൂടെ മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം ഉത്തരവാദിത്തത്തോടെ ആയിരിക്കണമെന്ന് കുട്ടികളെ മനസ്സിലാക്കണമെന്ന് ഹോക്സ് ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാർ ഓൺലൈനിൽ കൂടുതൽ ദുർബലരാണെന്ന് ഒരു അമ്മ എന്ന നിലയിൽ ഹോക്സ് സ്വയം സമ്മതിക്കുകയും ചെയ്തു.

 

“തങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെയും നയങ്ങളിലൂടെയും അവരെ സുരക്ഷിതരാക്കുക എന്നതാണ് ഫേസ്ബുക്കിലെ തന്റെ ജോലിയെന്നും ഹോക്സ് പറഞ്ഞു. എല്ലാ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും ലഭ്യമായ സ്വകാര്യത, സുരക്ഷ എന്നിവയ്‌ക്കൊപ്പം പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതിന് നിരവധി അധിക പരിരക്ഷകളും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അംബ‍ർ ഹോക്സ് പറഞ്ഞു. ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഒരു അക്കൗണ്ട് ആരംഭിക്കുന്നതിന് കുറഞ്ഞത് 13 വയസ്സ് തികയണമെന്ന് കന്പനി ആവശ്യപ്പെടുന്നത് ഈ സുരക്ഷയുടെ ഭാഗമായാണ്. ചില രാജ്യങ്ങളിൽ പ്രായപരിധി കൂടുതലായിരിക്കാം. ഫേസ്ബുക്കിൽ, പ്രായപൂർത്തിയാകാത്തവർക്ക് സുഹൃത്തുക്കളല്ലാത്തവരിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ മൈനറിന്റെ ഇൻബോക്സിൽ നിന്ന് ഫിൽട്ടർ ചെയ്ത് നേരിട്ട് സ്പാം ഫോൾഡറിലേക്ക് അയയ്ക്കും.

 

നിങ്ങളുടെ കുട്ടികളെ ഓൺ‌ലൈനിൽ സുരക്ഷിതരാക്കാൻ ഹോക്സ് നി‍ർദ്ദേശിച്ച അഞ്ച് ടിപ്പുകൾ ഇതാ..

 

 

കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുക

 

നിങ്ങളും കുട്ടികൾക്കൊപ്പം ഓൺലൈനിൽ സമയം ചെലവഴിക്കുക. നിങ്ങളുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഇത് ചെയ്യുന്പോൾ അവരോടൊപ്പം ഇരിക്കുക. നിങ്ങളുടെ കൗമാരക്കാരൻ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ആണെങ്കിൽ, അവരുടെ ഫ്രണ്ട്സ് ലിസ്റ്റ് അറിയുക. അവർ ആരുമായാണ് സംസാരിക്കുന്നതെന്നും അവ‍‍ർ ഷെയ‍ർ ചെയ്യുന്നത് എന്തെല്ലാമാണെന്നും കൃത്യമായി മനസ്സിലാക്കുക.

 

സുരക്ഷാ ക്രമീകരണങ്ങൾ ഉപയോഗിക്കുക

 ആളുകൾക്ക് ഫേസ്ബുക്കിലും മറ്റും അവർ പങ്കിടുന്നവ, ആരുമായി പങ്കിടുന്നു, എന്ത് കാണുന്നു, ആരുമായി ബന്ധപ്പെടുന്നു എന്നീ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വരുത്താം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് മെസെഞ്ച‍ർ എന്നിവയിൽ ഇത്തരത്തിൽ ക്രമീകരണങ്ങൾ നടത്തുന്നതിന് സംവിധാനങ്ങളുണ്ട്.

 

കുടുംബ നിയമങ്ങൾ‌ തയ്യാറാക്കുക

 മൊബൈൽ ഫോണുകളും മറ്റും‌ ഉപയോഗിക്കുന്നതിനും ഇന്റർ‌നെറ്റിലും സോഷ്യൽ മീഡിയയിലും സമയം ചെലവഴിക്കുന്നതിനും സമയ നിയന്ത്രണങ്ങൾ വയ്ക്കുക. ഈ നിയമങ്ങൾ വീടുകളിൽ തന്നെ കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് നടപ്പിലാക്കുക.

 

ഉദാഹരണത്തിലൂടെ നയിക്കുക

 ‘രാത്രി 8 മണിക്ക് ശേഷം സ്‌ക്രീൻ സമയമില്ല’ അല്ലെങ്കിൽ ‘കിടപ്പുമുറിയിൽ മൊബൈൽ ഫോണും കന്പ്യൂട്ടറും ഉപയോഗിക്കാൻ പാടില്ല’ എന്നിങ്ങനെയുള്ള നിയമം നടപ്പിലാക്കിയാൽ നിങ്ങളും ഇത് പിന്തുടരാൻ ശ്രമിക്കണം.

 

കുട്ടികളിൽ നിന്ന് മനസിലാക്കുക

 സാങ്കേതികവിദ്യ നിരന്തരം വികസിക്കുന്ന ഒന്നാണ്. ഇത് വേഗത്തിൽ പഠിക്കുന്നവരാണ് ചെറുപ്പക്കാർ. നിങ്ങളുടെ കുട്ടികൾ ഒരു പുതിയ അപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങിയാൽ, അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവരോട് കാണിച്ച് തരാൻ ആവശ്യപ്പെടുക. ആപ്ലിക്കേഷന്റെ സ്വകാര്യത, സുരക്ഷാ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിങ്ങൾ സ്വന്തമായും ഗവേഷണം നടത്തിയിരിക്കണം.

You might also like

Most Viewed