റിപ്പബ്ലിക് ദിന പരേഡിന് തുടക്കം; യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിന് ഡൽഹിയിൽ തുടക്കമായി. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ രാജ്പഥിലെത്തി രാഷ്ട്രപതി സൈനിക പരേഡിന് അഭിവാദ്യം സ്വീകരിക്കുന്നു. ദേശീയ യുദ്ധ സ്മാരകത്തിൽ രാവിലെ ഒന്പതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ച് ആഘോഷങ്ങൾക്കു തുടക്കമിട്ടു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി. രാവിലെ പത്തോടെ പരേഡ് ആരംഭിച്ചു. റിപ്പബ്ലിക്ക് ദിന പരേഡിന്‍റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്‍റെ ഭാഗമായി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരേഡിന്‍റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികൾ നടത്തുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. അന്‍പത് വര്‍ഷത്തിനിടയിൽ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്.