സുരേന്ദ്രന്റെ മകൾക്കെതിരായ മോശം കമന്റ്; പ്രവാസിക്കെതിരെ കേസെടുത്തു


 

കോഴിക്കോട്: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ബി ജെ പി സംസ്ഥാനാദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച മകൾക്കൊപ്പമുളള ചിത്രത്തിൽ മോശം കമന്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസ് എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കോഴിക്കോട് ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
സ്ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പൊലീസ് കേസെടുക്കാൻ വൈകുന്നതിനുമെതിരേ ബി ജെ പി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. സുരേന്ദ്രൻ പങ്കുവച്ച ചിത്രം ആയിരത്തിലധികം ആളുകൾ ഷെയർ ചെയ്യുകയും എണ്ണായിരത്തിലധിധികം ആളുകൾ കമന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
'എന്റെ മകൾ, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രൻ മകളുമൊത്തുളള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തത്. അജ്‌നാസ് അജ്നാസ് എന്നായിരുന്നു മകൾക്കെതിരെ അധിക്ഷേപം നടത്തിയ ഫേസ്‌ബുക്ക് ഐ ഡി. സംഭവം വിവാദമായതോടെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്‌തിരുന്നു.

You might also like

Most Viewed