ആന്ധ്രയിൽ രണ്ട് പെൺമക്കളെ അച്ഛനമ്മമാർ തലയ്ക്കടിച്ച് കൊന്നു

ചിറ്റൂർ: ആന്ധ്രാപ്രദേശിൽ ആഭിചാരത്തിന്‍റെ ഭാഗമായി രണ്ട് പെൺ മക്കളെ അച്ഛനമ്മമാർ തലയ്ക്കടിച്ച് കൊന്നു. മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിൽ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമനും ചേർന്നു മക്കളായ ആലേഖ്യ(27)യെയും സായി ദിവ്യ(21)യെയും കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലും അവിടുത്തെ ടീച്ചറുമാണ് പുരുഷോത്തമനും പദ്മയും. ഇവരുടെ വീട്ടിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ കേട്ടതിനേത്തുടർന്നാണ് അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. ബലം പ്രയോഗിച്ച് പോലീസ് വീടിനുള്ളിൽ കടന്നപ്പോഴാണ് പൂജാ മുറിയിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കലിയുഗം അവസാനിക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടികളെ ബലി നൽകിയതെന്നും കുട്ടികൾ പുനർജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകൾ ഉണ്ടെന്നുമാണ് ദന്പതികൾ പറയുന്നത്. ഡം ബെൽ പോലുള്ള മൂർച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസ് എടുത്ത് പ്രദേശത്തെ മന്ത്രവാദിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ആലേഖ്യ ഭോപ്പാലിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥിനിയാണ്. സായ് ദിവ്യ ബി.ബി.എ പൂർത്തിയാക്കി മുംബൈയിലെ എ.ആർ റഹ്മാൻ സംഗീത സ്കൂളിലെ വിദ്യാർത്ഥിനിയാണ്.