കോൺഗ്രസ് സ്ഥാപകദിനത്തിൽ രാഹുൽ ഗാന്ധി വിദേശത്തേയ്ക്ക് അപ്രത്യക്ഷനായി: ഓടിപ്പോയെന്ന് ബിജെപിയുടെ പരിഹാസം
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ 136മത്തെ സ്ഥാപക ദിനം ആഘോഷിക്കുന്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യം ചർച്ചയാകുന്നു. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുലിന്റെ അസാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടതോടെ അദ്ദേഹം എവിടെ എന്ന് തിരക്കിയവരോട് വയനാട്ടെ കോൺഗ്രസ് എം.പി വിദേശത്താണെന്ന മറുപടിയാണ് കോൺഗ്രസ് വക്താവിൽ നിന്നും ലഭിച്ചത്. അതേസമയം ഏത് വിദേശ രാജ്യത്താണ് അദ്ദേഹം പോയതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ചു കൊണ്ട് ബി ജെ പി നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ് സ്ഥാപകദിനം ആഘോഷിക്കുന്ന സമയത്ത് രാഹുൽ ഓടിപ്പോയി എന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു. മോദി സർക്കാരിന്റെ കർഷക നിയമത്തിനെതിരെ രാജ്യത്തെ കർഷകർ ഡൽഹി കേന്ദ്രമാക്കിയുള്ള സമരം കൊടുമ്പിരിക്കൊള്ളുന്ന അവസരത്തിലാണ് രാഹുലിന്റെ വിദേശ യാത്ര എന്നതാണ് ശ്രദ്ധേയം.
