ആരോഗ്യ സേതു വിശദീകരണം നൽകി കേന്ദ്രം

ന്യൂഡൽഹി: പൊതു-സ്വകാര്യ സഹകരണത്തോടെയാണ് ആരോഗ്യ സേതു നിർമിച്ചതെന്ന് ഒടുവിൽ കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആരോഗ്യ സേതു നിർമിച്ചത്. ഇതിൽ ആശയക്കുഴപ്പത്തിന് വകയില്ലെന്ന് ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ അഭിഷേക് സിംഗ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ റിക്കാർഡ് വേഗത്തിൽ 21 ദിവസത്തിനുള്ളിലാണ് ആപ്പ് തയാറാക്കിയത്. വളരെ സുതാര്യമായ രീതിയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് തയാറാക്കിയതെന്നും കേന്ദ്രം അറിയിച്ചു.
ആരോഗ്യ സേതു ആപ്പ് ആരാണ് നിർമിച്ചതെന്ന് അറിയില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് കേന്ദ്രം മറുപടി നൽകിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച് വിശദീകരണം ഉണ്ടായത്. ആപ്പ് നിർമിച്ചത് ആരാണെന്ന് അറിയില്ലെന്ന വിചിത്ര ഉത്തരമാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് കേന്ദ്രം നൽകിയത്. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയമാണ് നിർമാതാക്കൾ ആരാണെന്ന് അറിയില്ലെന്ന് മറുപടി നൽകിയത്. ഇക്കാര്യത്തിൽ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്‍റെ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് വിശദീകരണം തേടുകയും ചെയ്തു.