അരുണാചലിൽ നിന്ന് കാണാതായവർ ചൈനീസ് പട്ടാളത്തിന്‍റെ പക്കലുണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് പേർ ചൈനീസ് പട്ടാളത്തിന്‍റെ പക്കലുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കാണാതായ യുവാക്കൾ ചൈനയുടെ ഭാഗത്തുണ്ടെന്നും ഇവരെ തിരികെ അയക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്നും പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യൻ സേനയുടെ ഹോട്ട്ലൈൻ സന്ദേശത്തിന് മറുപടിയായി വ്യക്തമാക്കിയതായി കിരണ്‍ റിജിജു പറഞ്ഞു.
അരുണാചലിലെ അപ്പർ സുബാൻസിരി ജില്ലയിലെ നാച്ചോ പ്രദേശത്ത് നിന്ന് വേട്ടയ്ക്ക് പോയ യുവാക്കളുടെ അഞ്ചംഗ സംഘത്തെയാണ് കാണാതായത്. ഇവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയെന്നായിരുന്നു വിവരം. താഗിൻ ഗോത്ര വിഭാഗത്തിൽ പെട്ടവരായിരുന്നു യുവാക്കൾ.