ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

ബെംഗളൂരു: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗറിലെ ഇവരുടെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്. സഞ്ജന ഗൽറാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി.
കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് ലഭിച്ച ശേഷം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നതായി ബെംഗളൂരു പോലീസ് ജോ. കമ്മീഷണർ സന്ദീപ് പാട്ടിൽ അറിയിച്ചു. സഞ്ജന ഗൽറാണിയെ നേരത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ബെംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് ബെംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടർന്നാണ് അവരുടെ വസതിയിൽ പരിശോധന നടത്തുന്നത്. മൂന്നാം പ്രതിയായ വിരൺ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.