ഗൽവാൻ ഏറ്റുമുട്ടൽ: ചൈനയുടെ നാൽപ്പതിലധികം സൈനികർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടപ്പോൾ ചൈനയ്ക്ക് നാൽപ്പതിലധികം സൈനികരെ നഷ്ടപ്പെട്ടതായി കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. ഗൽവാൻ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ചൈനീസ് പക്ഷത്തുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ആദ്യമായാണ് സർക്കാരിലെ ഒരു മന്ത്രിയുടെ പ്രതികരണം.
നമ്മൾക്ക് 20 സൈനികരെ നഷ്ടപ്പെട്ടപ്പോൾ, അവരുടെ ഭാഗത്ത് ഇരട്ടിയിലധികം പേർ കൊല്ലപ്പെട്ടു. എന്നാൽ ചൈന സംഖ്യകൾ മറയ്ക്കുകയാണ്. 1962ലെ യുദ്ധത്തിലും ചൈന ഇതേരീതിയാണ് പിന്തുടർന്നിരുന്നതെന്നും വി.കെ സിംഗ് പറഞ്ഞു.
ചൈനീസ് സൈനികർ നമ്മുടെ പിടിയിലുണ്ടായിരുന്നുവെന്നും പിന്നീട് വിട്ടയച്ചതായും കേന്ദ്രമന്ത്രി വിശദമാക്കി. ഗൽവാൻ ഏറ്റുമുട്ടലിൽ ഇരുവശത്തും നാശനഷ്ടങ്ങൾ ഉണ്ടായതായി ചൈനീസ് വെസ്റ്റേൺ തിയറ്റർ കമാൻഡ് വക്താവ് കേണൽ ഴാങ് ഷുയി വ്യക്തമാക്കിയിരുന്നു. എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ വെളിപ്പെടുത്തിയിട്ടില്ല.

